സാലറി ചലഞ്ചിന്റെ സർക്കുലർ കത്തിച്ചു കളഞ്ഞതിന് ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്ത അധ്യാപകർ മണികണ്ഠനെ കണ്ട്‌ പഠിക്കട്ടെ; വൈറൽ പോസ്റ്റ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സന്ദീപ് ദാസിന്റെ പോസ്റ്റ് ഇങ്ങനെ; സാലറി ചലഞ്ചിന്റെ സർക്കുലർ കത്തിച്ചതിനുശേഷം അഭിമാനപൂർവ്വം ഫോട്ടോയ്ക്ക് പോസ് ചെയ്ത കുറേ അദ്ധ്യാപകരെ സമൂഹമാദ്ധ്യമങ്ങളിൽ കണ്ടിരുന്നു. കൊറോണ മൂലം നമ്മുടെ നാട് സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുകയാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന പട്ടിണിപ്പാവങ്ങൾ വരെ കിട്ടിയതെല്ലാം നുളളിപ്പെറുക്കി സംഭാവന ചെയ്യുന്ന സമയമാണ്. അപ്പോഴാണ് ചില അദ്ധ്യാപകർ ഇത്തരമൊരു കൊടുംക്രൂരത പ്രവർത്തിച്ചത്. അതുപോലുള്ള അദ്ധ്യാപകരൊക്കെ മണികണ്ഠൻ എന്ന അഭിനേതാവിന്റെ ശിഷ്യത്വം സ്വീകരിക്കണം. കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു. കല്യാണത്തിനുവേണ്ടി മാറ്റിവെച്ചിരുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തി.

ഇതുകേൾക്കുമ്പോൾ ചിലരെങ്കിലും ചോദിക്കും-”മണികണ്ഠൻ വലിയ സിനിമാനടനല്ലേ? രജനീകാന്തിനൊപ്പം വരെ അഭിനയിച്ചതല്ലേ? അപ്പോൾ കുറച്ച് പണം കൊടുക്കുന്നത് അത്ര പ്രയാസമുള്ള കാര്യമാണോ?” മണികണ്ഠന്റെ വേരുകളെക്കുറിച്ച് ധാരണയില്ലാത്തവർ മാത്രമേ അത്തരമൊരു അഭിപ്രായം പറയുകയുള്ളൂ. പണ്ട് കൊച്ചിയിൽ ഒരു പുറമ്പോക്ക് സ്ഥലമുണ്ടായിരുന്നു. അവിടെ ചപ്പുചവറുകളുടെ കൂമ്പാരവും പൊട്ടക്കുളവുമുണ്ടായിരുന്നു. ’തീട്ടപ്പറമ്പ് ‘ എന്ന് അറിയപ്പെട്ടിരുന്ന ആ പ്രദേശത്ത് ഒരു ഓലപ്പുരയുണ്ടായിരുന്നു. മണികണ്ഠൻ ജനിച്ചതും വളർന്നതും അവിടെയാണ്. അതുപോലൊരു അടിത്തറയെക്കുറിച്ച് അദ്ദേഹത്തിന് അഭിമാനം മാത്രമേയുള്ളൂ. മണികണ്ഠൻ ചെയ്യാത്ത ജോലികളൊന്നുമില്ല. സ്വർണ്ണപ്പണി ചെയ്തിട്ടുണ്ട്, മാർക്കറ്റിൽ മീൻ മുറിച്ചിട്ടുണ്ട്. ഭക്ഷണം കണ്ടാൽ നാവിൽ വെള്ളമൂറുമെന്ന് മണികണ്ഠൻ പറയാറുണ്ട്. തൊട്ടാല്‍ പൊള്ളിപ്പോവുന്ന തരം വാക്കുകളാണത്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പൊള്ളൽ!

സിനിമാനടനായി മാറിയിട്ടും മണികണ്ഠന്റെ കഷ്ടപ്പാടുകൾ അവസാനിച്ചിരുന്നില്ല. ­അദ്ദേഹത്തിന് കൈനിറയെ സിനിമകളൊന്നുമില്ലല്ലോ. പഴയ കാലത്തിൻ്റെ മുറിവുകൾ എളുപ്പം ഉണങ്ങുകയുമില്ല. ഈയടുത്ത് മാത്രമാണ് സ്വന്തമായി ഒരു വീടുവെച്ചത്. അതിനുവേണ്ടി പലരോടും കടം വാങ്ങുകയും ബാങ്ക് ലോണുകൾ എടുക്കുകയും ചെയ്തു. ഒരുപാട് വിയർപ്പൊഴുക്കി പണിതുയർത്തിയ വീടിന്റെ പൂമുഖത്തിരുന്ന് മണികണ്ഠൻ പറഞ്ഞു’ ഞാനിവിടെ നിറയെ പുസ്തകങ്ങൾ വാങ്ങിവെച്ചിട്ടുണ്ട്. എന്റെ മക്കൾ വളർന്നുവരുമ്പോൾ അവരുടെ കൈയ്യിൽ കിട്ടുന്നത് പുസ്തകങ്ങളായിരിക്കണം. എനിക്കും ഒരു ബാല്യമുണ്ടായിരുന്നു. പക്ഷേ എന്റെ കുഞ്ഞിക്കൈകളിൽ കിട്ടിയത് സിഗററ്റും ബീഡിയും ബ്രാണ്ടിക്കുപ്പിയും മാത്രമായിരുന്നു. ആ അവസ്ഥ എന്റെ മക്കൾക്ക് വരരുത്. ഇതുപോലുള്ള കനൽവഴികൾ കടന്നാണ് മണികണ്ഠൻ ഇവിടംവരെയെത്തിയത്. ഈ ജീവിതാനുഭവങ്ങൾ മണികണ്ഠനെ അഭിനയത്തിൽ സഹായിച്ചിട്ടുണ്ടാവാം. കമ്മട്ടിപ്പാടത്തിലെ ബാലൻ ”കൈയ്യടിക്കടാ” എന്ന് അലറിയപ്പോൾ നാം അറിയാതെ കൈയ്യടിച്ചുപോയത് അതുകൊണ്ടാണ്മനുഷ്യർക്ക് ഒരു പ്രത്യേകതയുണ്ട്. വന്ന വഴി നാം നിസ്സാരമായി മറക്കും. എന്നാൽ മണികണ്ഠൻ അങ്ങനെയല്ല, സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ നിൽക്കുന്ന സമയത്തും അദ്ദേഹം മത്സ്യത്തൊഴിലാളിയായിരുന്നു.

ഇങ്ങനെയൊക്കെയാണ് ഒരാൾ സിനിമയിലും സിനിമയ്ക്കുപുറത്തും ഹീറോ ആകുന്നത്. മുണ്ടുമുറുക്കി ജീവിച്ച കാലത്ത് എത്ര പേർ മണികണ്ഠനെ പരിഹസിച്ചിട്ടുണ്ടാവും? വേണമെങ്കിൽ സ്വന്തം വിവാഹം മണികണ്ഠന് ആർഭാടപൂർവ്വം നടത്താമായിരുന്നു. പണ്ട് പുച്ഛിച്ചവരെ ക്ഷണിച്ചുവരുത്തി ഭക്ഷണം നൽകാമായിരുന്നു. അവരുടെ മുന്നിൽ വിജയശ്രീലാളിതനായി നിൽക്കാമായിരുന്നു.­ അങ്ങനെ പകവീട്ടാനുള്ള മോഹം മനുഷ്യസഹജമാണ്. പക്ഷേ മണികണ്ഠൻ ആ രീതിയിൽ ചിന്തിച്ചില്ല. അദ്ദേഹത്തിന് മനുഷ്യത്വമുണ്ട്, ദിവസവേതനം കൊണ്ട് ജീവിക്കുന്ന മനുഷ്യരോട് എെക്യപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവ് മണികണ്ഠനുണ്ട്. അതുകൊണ്ടാണ് അദ്ദേഹം നാടിനുവേണ്ടി പണം നൽകിയത്. ലളിതമായി വിവാഹം നടത്തിയത് ഒരു വലിയ കാര്യമായി തോന്നുന്നില്ല എന്നും മണികണ്ഠൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒാരോ നാണയത്തുട്ടിന്റെയും വില അറിയാവുന്ന മണികണ്ഠൻമാർ വാരിക്കോരി കൊടുക്കുമ്പോഴാണ് ചില പ്രിവിലേജ്ഡ് ആയ അദ്ധ്യാപകർ സർക്കാർ ഉത്തരവ് കത്തിച്ചത്. ചരിത്രം അവരെ ഒറ്റുകാർ എന്ന് വിശേഷിപ്പിക്കും.’ എന്റെ വിവാഹം നിങ്ങൾ ഫെയ്സ്ബുക്കിലെങ്കിലും ആഘോഷിക്കണം” എന്ന് മണികണ്ഠൻ അഭ്യർത്ഥിച്ചിരുന്നു. ഞങ്ങൾ തീർച്ചയായും ആഘോഷിക്കും പ്രിയസഹോദരാ. നിങ്ങളെയല്ലാതെ വേറെ ആരെ ആഘോഷിക്കാനാണ്. Written by-Sandeep Das

Be the first to comment

Leave a Reply

Your email address will not be published.


*