
മലയാളത്തിന്‍റെ നടന വിസ്മയമായി അറിയപ്പെടുന്ന മോഹൻലാലിന്‍റെയും സുചിത്രയുടേയും 32-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. പതിവുപോലെ ലാലിന് ആശംസകളുമായി നിരവധി ആരാധകര്‍ സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. വിവാഹവാര്‍ഷികം സംബന്ധിച്ച് ഒന്നും തന്നെ മോഹൻലാൽ ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇൻസ്റ്റയിലോ പങ്കുവെച്ചിട്ടില്ലെങ്കിലും ലാലേട്ടൻെറ പഴയ കല്ല്യാണ വീഡിയോയും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് ആശംസകള്‍ ഫാൻസ് ഗ്രൂപ്പുകളിൽ ഒഴുകുകയാണ്. 1988 ഏപ്രിൽ 28നായിരുന്നു ഇരുവരും വിവാഹിതരായത്.

മലയാള സിനിമാലോകത്ത് നാലു പതിറ്റാണ്ടോളമായി സജീവമായുള്ള താരമാണ് മോഹൻലാൽ. സിനിമകളിലുള്ള കഥകളെ വെല്ലുന്ന കാര്യങ്ങളാണ് മോഹൻലാലും സുചിത്രയും തമ്മിലുള്ള വിവാഹത്തിനിടയിലും സംഭവിച്ചിട്ടുള്ളത്. വിവാഹത്തിന് മുമ്പുള്ള രസകരമായ ചില സംഭവങ്ങള്‍ മോഹൻലാൽ തന്നെ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. സുചിത്രയ്ക്കും സിനിമാ ബന്ധമുണ്ട്. തമിഴിലെ പ്രശസ്ത നിര്‍മാതാവായ ബാലാജിയുടെ മകളാണ്. മോഹൻലാലിന്‍റെ കടുത്ത ആരാധിക കൂടിയായിരുന്നു സുചിത്ര. ഇടയ്ക്കിടയ്ക്ക് മോഹൻലാലിന് കാര്‍ഡുകളൊക്കെ അയക്കുമായിരുന്നു. രണ്ട് വര്‍ഷം മോഹൻലാല്‍ അറിയാതെ തന്നെ സുചിത്ര അദ്ദേഹത്തെ പ്രേമിച്ചിരുന്നു.

1988 ഏപ്രിൽ 28ന് തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. സിനിമാപ്രവര്‍ത്തകരും ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനായെത്തിയിരുന്നത്. ഈ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇന്ന് ആശംസാപ്രവാഹമാണ് രണ്ടു പേർക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.
Leave a Reply