നയൻതാരക്ക് പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു; വൈറൽ കുറിപ്പ്

nayanthara

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടെ യഥാർത്ഥ പേര് ഡയാന എന്നാണ് . സിനിമയ്ക്ക് വേണ്ടി നയൻതാര എന്നു മാറ്റുകയായിരുന്നു. ഇപ്പോഴിതാ, നയൻതാരയ്ക്ക് പേരിട്ടത് താനാണെന്ന വെളിപ്പെടുത്തലുമായി സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ജോൺ ഡിറ്റോ പി.ആർ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ. “ഡിറ്റോ ഒരു പേര് ആലോചിക്ക് “സർ നിർദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ ചിന്തിച്ചു.. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി….നയൻതാര…. ഞാൻ പറഞ്ഞു; നയൻതാര..

സാജൻസാർ തലയാട്ടി… സ്വാമിനാഥൻ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ.. സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു. ഇന്ന് സാജൻ സാറിനെക്കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓർത്തത്.. “പുതിയ നിയമം” എന്ന മമ്മൂട്ടിപ്പടം സാജൻ സർ ഡയറക്റ്റ് ചെയ്തപ്പോൾ നായികയായ നയൻതാരയെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിൽ ഈക്കഥ പറയാമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*